സംഗീതലോകത്ത് വിസ്മയമായി ഇടുക്കിയുടെ സ്വന്തം പോപ്പ് ഗായിക; സഹോദരിമാർക്കൊപ്പം കൂട്ടുകാരിയും പുതിയ സംരംഭത്തിലേക്ക്

സംഗീതലോകത്ത് വിസ്മയമായി ഇടുക്കിയുടെ സ്വന്തം പോപ്പ് ഗായിക; സഹോദരിമാർക്കൊപ്പം കൂട്ടുകാരിയും പുതിയ സംരംഭത്തിലേക്ക്!
**കുമളി:** പ്രായത്തെ വെല്ലുന്ന സംഗീത പ്രതിഭയും വേറിട്ട ആശയങ്ങളുമായി ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് ഇടുക്കി കുമളി സ്വദേശിയായ നിറ്റ്സ ജോയ്‌സ് ജോയൻ എന്ന ഒമ്പതാം ക്ലാസുകാരി. വിദേശ ഭാഷകളിലെ പോപ്പ് ഗാനങ്ങൾ ആലപിച്ച് രാജ്യാന്തര തലത്തിൽ അഭിമാനനേട്ടം സ്വന്തമാക്കിയ ഈ കൊച്ചു മിടുക്കി, ഇപ്പോൾ സഹോദരിമാർക്കും കൂട്ടുകാരിക്കുമൊപ്പം ചേർന്ന് സ്വന്തമായി ഒരു മ്യൂസിക് ബാൻഡിന് തുടക്കം കുറിച്ചുകൊണ്ട് ഒരു യുവ സംരംഭകയായിക്കൂടി മാറിയിരിക്കുകയാണ്.
കുമളി അമരാവതി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നിറ്റ്സ, ഒരു മികച്ച പോപ്പ് സിംഗറും ഒപ്പം ഒരു ഡിജെ (DJ) ആർട്ടിസ്റ്റുമാണ്. മൂന്ന് വർഷം മുമ്പ് പോപ്പ് സിംഗിങ്ങിൽ നിറ്റ്സ കുറിച്ച നേട്ടം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ വിദേശ ഭാഷകളിലായി 37 പോപ്പ് ഗാനങ്ങളാണ് രണ്ട് മണിക്കൂർ 11 മിനിറ്റ് സമയം കൊണ്ട് തുടർച്ചയായി കരോക്കെയുടെ സഹായത്തോടെ പാടി നിറ്റ്സ വിസ്മയം തീർത്തത്.
വിദേശ പോപ്പ് ഗാനങ്ങളിലുള്ള തന്റെ അറിവും അനുഭവസമ്പത്തും മലയാള ഭാഷയിലേക്ക് പകർത്തിയെഴുതാനുള്ള ശ്രമത്തിലാണ് നിറ്റ്സയിപ്പോൾ. ഇതിന്റെ ആദ്യപടിയായി ഒരുങ്ങിയ *"Lazy Legends"* എന്ന പുതിയ പോപ്പ് സോങ് കഴിഞ്ഞ മെയ് 30-ന് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ആസ്വാദകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
 'റോക്രിൻ പോപ്‌സ്' മ്യൂസിക് ബാൻഡ്
കേവലം ഒരു ഗായിക എന്നതിനപ്പുറം, മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിൽ ഒരു സ്റ്റാർട്ടപ്പ് പ്രോജക്റ്റുമായി മുന്നോട്ട് വന്നിരിക്കുകയാണ് നിറ്റ്സ. 
 തന്റെ അറിവുകളും ആശയങ്ങളും സ്വന്തം പ്രൊഡക്ഷനിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറ്റ്സ ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ബാൻഡിന്റെ ഫൗണ്ടറും ലീഡറും പ്രധാന പെർഫോമറുമല്ലാം നിറ്റ്സ തന്നെയാണ്.
സഹോദരിമാരും കൂട്ടുകാരിയും ചേർന്നാണ് ഈ ബാൻഡിന് കരുത്തുപകരുന്നത്.
ഇതിനോടകം ശ്രദ്ധേയമായ ഇവരുടെ ഗാനങ്ങൾക്ക് പിന്നിൽ ഈ കൂട്ടുകെട്ടിന്റെ സർഗ്ഗാത്മകമായ അധ്വാനമുണ്ട്. കൂട്ടുകാരിയായ അനന്യ സുധീറാണ് വരികൾ എഴുതുന്നത്. നിറ്റ്സ തന്നെയാണ് ഈ വരികൾക്ക് ഈണം പകരുന്നത് (സംഗീതം). നിറ്റ്സയും സഹോദരി നീഗൽ തെരേസ ജോയനും
ചേർന്നാണ് ഗാനങ്ങൾ ആലപിക്കുന്നത്.
.സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെയുള്ള ഇവരുടെ രണ്ടാമത്തെ പുതിയ പാട്ടായ 'യൂടേൺ'  ഉടൻ തന്നെ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.
 പീരുമേട് എം.എൽ.എ അഡ്വ.സിറിയക് തോമസ് എംഎൽഎ,ഗിന്നസ് ജേതാവ് സുനിൽ ജോസഫ് എന്നിവർ കുട്ടികളുടെ സംരംഭത്തിന് ആശംസ അറിയിച്ചു.
നിറ്റ്സയുടെ കലാപരമായ യാത്രകൾക്കും പുതിയ സംരംഭത്തിനും പൂർണ്ണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. ടൂറിസം മേഖലയിലെ ബിസിനസുകാരനും പ്രമുഖ സാമൂഹ്യപ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അച്ഛൻ സർഗം ജോയനും, കുമളി ചോറ്റുപാറ ഗവൺമെന്റ് എൽ.പി.എസ് സ്കൂളിലെ അധ്യാപികയായ അമ്മ ജെമിലി ജോസഫും നൽകുന്ന പ്രോത്സാഹനമാണ് ഈ കൊച്ചു ഗായികയുടെയും കൂട്ടരുടെയും വിജയത്തിന് പിന്നിലെ ഊർജ്ജം.

Post a Comment

0 Comments