ഡോക്യുമെന്ററി ചിത്രത്തിലൂടെ ലോക റെക്കോര്‍ഡുകൾക്കുടമയായി അച്ഛനും പെണ്‍മക്കളും

ബ്രിസ്‌ബെയ്ന്‍ / ചേർത്തല : ലോകസമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഡോക്യുമെന്ററി ചിത്രത്തിലൂടെ ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി അച്ഛനും പെണ്‍മക്കളും. സഹോദരിമാരായ തെരേസ ജോയ്, ആഗ്‌നസ് ജോയി എന്നിവരും പിതാവ് ജോയ്.കെ.മാത്യുവും ചേര്‍ന്നാണ് ഡോക്യുമെന്ററി നിർമിച്ച് ലോക റെക്കോര്‍ഡുകൾ സ്വന്തമാക്കിയത്.
ലോകത്തിലെ
മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള 75 രാജ്യക്കാരെ ഉള്‍പ്പെടുത്തിയുള്ള 'സല്യൂട്ട് ദ് നേഷന്‍സ്' എന്ന ഡോക്യുമെന്ററി ചിത്രമൊരുക്കിയാണ് ബ്രിസ്ബെയ്ന്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശികളായ ആഗ്നസ് ജോയിയും തെരേസ ജോയിയും പിതാവ് ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ ജോയ്.കെ.മാത്യുവും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
 ഓസ്‌ട്രേലിയന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങി വിവിധ റെക്കോര്‍ഡുകളാണ് ഇവർ കരസ്ഥമാക്കിയത്. 17 രാജ്യങ്ങളില്‍ നിന്നുള്ള റെക്കോര്‍ഡുകളും ഉടൻ ലഭ്യമാകും.
ബ്രിസ്‌ബെയ്‌നിലെ സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളിലാണ് ലോക ദേശീയ ഗാനങ്ങളും ലോക സമാധാനവും ആസ്പദമാക്കി നിര്‍മിച്ച ഡോക്യുമെന്ററി ചിത്രം പ്രദര്‍ശിപ്പിച്ചത്. യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ് ലാന്‍ഡ് ഡിവിഷന്‍, പീസ് കീപ്പേഴ്‌സ് ഓസ്‌ട്രേലിയ, എര്‍ത് ചാര്‍ട്ടര്‍ ഓസ്‌ട്രേലിയ, ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികളടക്കം പങ്കെടുത്ത ചടങ്ങില്‍ ക്യൂന്‍സ്‌ലാന്‍ഡ് പ്രതിപക്ഷ നേതാവ് ഡേവിഡ് ക്രിസ്റ്റിഫുള്ളി, ക്യൂന്‍സ് ലാന്‍ഡ് എംപി ജെയിംസ് മാര്‍ട്ടിന്‍, കൗണ്‍സിലര്‍ ഏയ്ഞ്ചല്‍ ഓവന്‍, ഇന്ത്യന്‍ കൗൺസിലർ അര്‍ച്ചന സിങ്, ശ്രീലങ്കന്‍ കൗണ്‍സിലര്‍ ആന്തോം സ്വാന്‍ ,ഓസ്ട്രേലിയന്‍ ചൈനീസ് വാര്‍ ഹെറിറ്റേജ് മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ ലീയുസ് ലീ, ഹ്യൂമന്‍ റൈറ്റ് ഓസ്‌ട്രേലിയ വൈസ് പ്രസിഡന്റ് വെന്‍ണ്ടി ഫ്‌ലാനെറി, മള്‍ട്ടി കള്‍ച്ചറല്‍ ഓസ്‌ട്രേലിയ സിഇഒ ക്രിസ്റ്റീന്‍ കാസ്റ്റി
 ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് റീറ്റ അന്‍വാരി, ഓസ്ട്രേലിയന്‍ ചലച്ചിത്ര താരങ്ങളും സംവിധായകരുമായ എലീസ്, ജെന്നിഫര്‍, ടാസോ, അല്‍നാ, ഡേവിഡ്, ജൂലി, എലിസബത്ത്, കാതറിന്‍, യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്‌ലാന്‍ഡ് ഡിവിഷന്‍ പ്രതിനിധികള്‍, സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ക്ലം ക്യാമ്പ്ബെല്‍, എന്നിവര്‍ പ്രസംഗിച്ചു.
195 രാജ്യങ്ങളുടെ ദേശീയഗാനം മനപാഠമാക്കി ആലപിച്ചാണ് കഴിഞ്ഞവര്‍ഷം ലോക സമാധാന ദിനമായ സെപ്റ്റംബര്‍ 21ന് ആഗ്‌നസും തെരേസയും ചേര്‍ന്ന് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആയ ജാക്വിലിന്‍ ആണ് അമ്മ. ആഗ്‌നസ് ജോയ് ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജിയില്‍ ബാച്ചിലര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ഥിനിയും തെരേസ ഗ്രിഫിത് യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനോളജി ആന്‍ഡ് സൈക്കോളജി വിദ്യാർഥിനിയുമാണ്.

.

Post a Comment

0 Comments