മുഖ്യമന്ത്രി വി.ഡി. സതീശനുമായി ‘ആഗ്രഹ്’ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: 
കേരളത്തിലെ ഗിന്നസ് ജേതാക്കളുടെ കൂട്ടായ്മയായ ‘ആഗ്രഹ്’ (അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ) സംസ്ഥാന കമ്മിറ്റി  മുഖ്യമന്ത്രി വി.ഡി. സതീശനെ  സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. കന്റോൺമെന്റ് ഹൗസിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത്.
മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗിന്നസ് ജേതാക്കളുടെ കൂട്ടായ്മയിൽ നിന്ന് തനിക്ക് ലഭിച്ച നിവേദനത്തെക്കുറിച്ചുള്ള ഓർമ്മകൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പങ്കുവെക്കുകയുണ്ടായി. 
ഗിന്നസ് ജേതാക്കളുടെ  വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന ഉറപ്പും അദ്ദേഹം അസോസിയേഷൻ പ്രതിനിധികൾക്ക് നൽകി.
ഇതോടൊപ്പം, വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയ പ്രതിഭകളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകവും, ഗിന്നസ് ലേഖ രാധാകൃഷ്ണൻ പാഴ് വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു ചിത്രവും മുഖ്യമന്ത്രിക്ക് ഉപഹാരമായി കൈമാറി.
ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, ചീഫ് കോഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ ലേഖ രാധാകൃഷ്ണൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

Post a Comment

0 Comments