ലഹരിയുടെ ഇരുട്ടല്ല, കലയുടെ പ്രകാശം; നൃത്തച്ചുവടുകളുമായി ഗിന്നസ് ജേതാവ് കലാമണ്ഡലം ഹേമലത സ്കൂളുകളിലേക്ക്

 
 
തൃശൂർ: നമ്മുടെ കുട്ടികളുടെ കാലുകൾ ചലിക്കേണ്ടത് ലഹരിയുടെഅന്ധകാരത്തിലേക്കല്ല, നന്മയുടെയും കലയുടെയും വെളിച്ചത്തിലേക്കാകണം എന്ന ദൃഢനിശ്ചയവുമായി ഒരു ഗിന്നസ് ജേതാവ് വിദ്യാലയങ്ങളിലേക്ക് ഇറങ്ങുന്നു. തുടർച്ചയായി നൃത്തം ചെയ്ത് ലോകറെക്കോർഡ് കുറിച്ച കലാമണ്ഡലം ഹേമലതയാണ് വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ നൃത്തച്ചുവടുകളുമായി വേറിട്ട പ്രതിരോധം തീർക്കുന്നത്.
 'വാക്കുകൾ പരാജയപ്പെടുന്നിടത്ത് കല സംസാരിക്കുന്നു' എന്ന ആപ്തവാക്യം നെഞ്ചിലേറ്റിയാണ് ഹേമലത കേരളത്തിലെ സ്കൂളുകളിലേക്ക് ബോധവത്കരണവുമായി എത്തുന്നത്.
'ലഹരിയിലേക്കല്ല ലയത്തിലേക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ കാമ്പെയ്ന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം മാർത്തോമ്മ ജി.എച്ച്.എസ്.എസിൽ വെച്ച് പ്രൗഢമായി നടന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. അനുശ്രുതി സി. ബാലൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന ഈ വിപുലമായ കാമ്പെയ്നിലൂടെ കലയുടെ പ്രകാശം കുരുന്നുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് ഈ ലഹരിവിരുദ്ധ നൃത്തയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃശൂരിലെ അഞ്ച് സ്കൂളുകളിൽ ഇതിനോടകം തന്നെ കാമ്പെയ്ൻ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. 
വരും ദിവസങ്ങളിൽ അവതരിപ്പിക്കുന്നതിനായി തൃശൂർ ജില്ലയിലെ പത്തോളം പ്രമുഖ സ്കൂളുകളാണ് നിലവിൽ ബുക്ക് ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും തൃശൂരിലെ വിവിധ വിദ്യാലയങ്ങളിൽ ഹേമലതയുടെ നൃത്തച്ചുവടുകൾ ലഹരിവിരുദ്ധ സന്ദേശവുമായി എത്തും.
മാർത്തോമ്മ ജി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റിൻസ് പി. സെബാസ്റ്റ്യൻ, മേരി മാലിറ്റ്, സ്വപ്ന സജീവ്, ദീപ്തി രാമൻകുട്ടി, ഡോ. ശില്പ, രേണുക ഗോപി, സ്വരൂപ് ദേവ്, പി.ബി. ജയൻ, സൗരവ് ബാൽ, കെ.ബി. പ്രമോദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. 

കലയെ ഒരു പ്രതിരോധ ആയുധമാക്കി മാറ്റി, ഈ ബോധവത്കരണ സന്ദേശം കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കലാമണ്ഡലം ഹേമലതയും സംഘവും ലക്ഷ്യമിടുന്നത്.

Post a Comment

0 Comments