ലഹരി വിരുദ്ധ പോരാട്ടത്തിൽ ചരിത്രം കുറിച്ച് രാജഗിരി സ്‌കൂൾ; യു.ആർ.എഫ് ലോക റെക്കോഡ്


കളമശേരി :ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ തീർത്തത് സമാനതകളില്ലാത്ത ഒരു ലോകവിസ്മയം! 
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ 'ഓപ്പറേഷൻ തൂഫാന്' ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഒരേസമയം ഏറ്റവുമധികം റെഡ് കാർഡുകൾ ഉയർത്തിക്കാട്ടി രാജഗിരി സ്‌കൂൾ യു.ആർ.എഫ്. (URF) ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ഫിഫ ലോകകപ്പിന്റെ ആവേശപ്പൊലിമയിൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ലഹരിവിരുദ്ധ ഫുട്ബോൾമത്സരത്തിനിടെയായിരുന്നു ഈ അപൂർവ നിമിഷം പിറന്നത്. കളിയിലെ ഒരു ഗുരുതരമായ ഫൗളിനെ തുടർന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന 3234 പേർ ഒന്നിച്ച് റെഡ് കാർഡ് ഉയർത്തിക്കാട്ടുകയായിരുന്നു.
ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്ന് പ്രതീകാത്മകമായി പുറത്താക്കുക എന്ന ശക്തമായ സന്ദേശമാണ് ഈ റെഡ് കാർഡിലൂടെ വിദ്യാർഥികൾ ലോകത്തിന് നൽകിയത്.
മുഖ്യാതിഥിയായി എത്തിയ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും ഗ്രൗണ്ടിലിറങ്ങി വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമൊപ്പം റെഡ് കാർഡ് പ്രദർശിപ്പിച്ച് ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായി. യു.ആർ.എഫ്. വേൾഡ് റെക്കോഡ്‌സ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ലോക റെക്കോഡ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തി.
തുടർന്ന് നടന്ന ചടങ്ങിൽ രാജഗിരി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ മന്ത്രിയിൽ നിന്ന് റെക്കോഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
'ഓപ്പറേഷൻ തൂഫാൻ - ദി നർകോട്ടിക് ഹണ്ട്' എന്ന സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യം കേരളം ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. ലഹരിക്കെതിരേ ശക്തമായ പ്രതിരോധം തീർത്ത രാജഗിരി സ്‌കൂളിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വിദ്യാർഥികൾ അവതരിപ്പിച്ച മനോഹരമായ ലഹരിവിരുദ്ധ ഫ്ലാഷ് മോബും 'ഓപ്പറേഷൻ തൂഫാൻ' ബാനർ പ്രദർശനവും ചടങ്ങിന് മാറ്റുകൂട്ടി.
'തൂഫാനിലേക്ക് ദശലക്ഷം ഗോൾ' എന്ന പരിപാടിയുടെ ഭാഗമായി മന്ത്രി അബ്ദുൽ ഗഫൂർ ആദ്യ ഗോൾ വലയിലെത്തിച്ചതോടെ ഗ്രൗണ്ട് ആവേശത്തിലായി.
 തുടർന്ന് രക്ഷിതാക്കളുടെ ടീമും സ്‌കൂൾ ടീമും തമ്മിൽ വാശിയേറിയ ഒരു പ്രദർശന ഫുട്ബോൾ മൽസരവും അരങ്ങേറി.
കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, വാർഡ് കൗൺസിലർ സഹ്‌ന എം. സാംബ്ജി, എസ്.എച്ച്. പ്രോവിൻസ് പ്രൊവിൻഷ്യൽ മാനേജർ ഫാ. പൗലോസ് കിടങ്ങൻ, വൈസ് പ്രിൻസിപ്പൽ ജെസ്‌ന ഡോൺ, പി.ടി.എ. പ്രസിഡന്റ് ഡോ. ജിജോ പോൾ, ട്രഷറർ ജോട്ടി ജോർജ്, സ്‌കൂൾ ലീഡർ എബ്രഹാം സുനിൽ തുടങ്ങിയവർ  ചടങ്ങിൽ  സംസാരിച്ചു.
 ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവതലമുറയുടെ ഈ കൂട്ടായ്മയും ആവേശവും പുതിയൊരുചരിത്രവിപ്ലവത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Post a Comment

0 Comments