തിരുവനന്തപുരം :ഗിന്നസ് ലോകറെക്കോർഡിൽ രണ്ടാമതും ഇടം പിടിച്ചു ഐഎസ്ആർഒ ജീവനക്കാരൻ. മുല്ലൂർ തലയ്ക്കോട് പറങ്കിമാവിള വീട്ടിൽ സഹദേവൻ, ഷീല ദമ്പതികളുടെ മകൻ എസ്.ശിവപ്രമോദാണ് രണ്ടാം തവണ ഗിന്നസ് റെക്കോർഡിന് അർഹനായത്.
തിരുവനന്തപുരം ജില്ലയിൽ നിന്ന് 18 പേരുണ്ട്. ഗിന്നസ് വിമിൻ.എം.വിൻസെന്റ്, ഗിന്നസ് അശ്വിൻ വാഴുവേലിൽ എന്നിവർ ചേർന്ന് ശിവപ്രമോദിന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി.
2019 ൽ 3 മിനിറ്റിൽ 40 പൗണ്ട് വെയിറ്റ് പാക്ക് വെച്ചു കൊണ്ട് 109 നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് ആദ്യമായി ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചത്. "ഒരു മിനിറ്റിൽ 100 ഡിക്ലെൻ നക്കിൾപുഷ്അപ്പ്" ചെയ്താണ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് ശിവപ്രമോദ് സ്വന്തം പേരിലാക്കിയത്.സാധാരണ പുഷ്അപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാലുകൾ 50 സെന്റിമീറ്ററിൽ കുറയാത്ത പ്രതലത്തിൽ ഉയർത്തി വെച്ച് കൊണ്ടും കൈകൾ മുഷ്ടി ചുരുട്ടി നിലത്ത് വെച്ച നിലയിൽ ആണ് ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്യുന്നത്.
2025ജനുവരിയിലാണ് റെക്കോർഡിന് ആസ്പദമായ പ്രകടനം നടത്തിയത്. ഈജിപ്റ്റുകാരനായ മൊസ്തഫ വൽ അഹമ്മദ് 2024 ൽ സ്ഥാപിച്ച 90 ഡിക്ലെൻ നക്കിൾ പുഷ് അപ്പ് എന്ന റെക്കോർഡാണ് മറികടന്നത്. വ്യക്തിഗത ഇനത്തിൽ ഫിറ്റ്നസ് വിഭാഗത്തിൽ ഇരട്ട ഗിന്നസ് റെക്കോർഡ് ലഭിക്കുന്ന ജില്ലയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ശിവപ്രമോദെന്ന് ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് കേരളയുടെ(AGRH)സംസ്ഥാന കോഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ, ജില്ലയിൽ നിന്നുള്ള ഗിന്നസ് റെക്കോർഡ് ജേതാക്കളായ ഗിന്നസ് വിമിൻ എം വിൻസെന്റ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.മുൻപ് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ വേൾഡ് റെക്കോർഡും ശിവപ്രമോദ്നേടിയിട്ടുണ്ട്.ചെറുപ്പം മുതലേ ഫിറ്റ് നസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ശിവപ്രമോദ് രാവിലെയും വൈകിട്ടും പരിശീലനംനടത്തുന്നുണ്ടായിരുന്നു.ഐഎസ്ആർഒ യിലെ ടെക്നിക്കൽ വിഭാഗത്തിൽ 7 വർഷമായി ജോലി ചെയ്തു വരികയാണ്.ചാന്ദ്രയാൻ ടു , ചാന്ദ്രയാൻ ത്രീ എന്നിവയുടെ വിക്ഷേപണത്തിലും പങ്കാളിയായിരുന്നു.രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് ചാന്ദ്രയാൻ ത്രീയുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നുവെന്ന് ശിവപ്രമോദ് വ്യക്തമാക്കി. ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് കേരളയുടെ തിരുവനന്തപുരം ജില്ലാ കോഡിനേറ്ററാണ്.
വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്ന് 105 പേർക്കാണ് ഗിന്നസ് റെക്കോർഡ് ഇത് വരെ ലഭിച്ചിട്ടുള്ളത്. ശിവപ്രസാദ് ആണ് സഹോദരൻ. ഭാര്യ എ. ബി അഖില .
0 Comments